നെന്മാറ: പോത്തുണ്ടി ജലസേചന പദ്ധതിയുടെ കനാലുകൾ വൃത്തിയാക്കി തുടങ്ങി. വലതുകരക്കനാൽ മൂന്നുമേഖലകളായി തിരിച്ച് മൂന്നു കരാറുകാർക്കുകീഴിലും ഇടതുകര കനാൽ ഒരു കരാറുകാരനുമാണ് വൃത്തിയാക്കൽ നടപടികൾ തുടങ്ങിയിരിക്കുന്നത്.
ചെറിയ മണ്ണുമാന്തി യന്ത്രങ്ങളും പുല്ലുവെട്ടുന്ന യന്ത്രങ്ങളും ഉപയോഗിച്ച് അതിവേഗമാണ് പണി പുരോഗമിക്കുന്നത്.
വിള നെൽകൃഷിക്കായി ജലവിതരണത്തിന് കഴിഞ്ഞയാഴ്ച ചേർന്ന ഡാം ഉപദേശക സമിതി യോഗം തീരുമാനപ്രകാരം നവംബർ അഞ്ചിന് വലതുകര കനാലും 15ന് ഇടതുക്കര കനാലും തുറക്കാനാണ് തീരുമാനം.
മഴ വീണ്ടും ശക്തമായതോടെ രണ്ടാംവിളയ്ക്ക് വെള്ളംവിടുന്ന തീയതികൾ പുനർനിശ്ചയിക്കാനാണ് സാധ്യത.
ഇതിന്റെ ഭാഗമായി നവംബർ ഒന്നിന് തെരഞ്ഞെടുക്കപ്പെട്ട ഡാംഉപദേശകസമിതി അംഗങ്ങളുടെയും മലമ്പുഴ, മംഗലം, പോത്തുണ്ടി പദ്ധതികളുടെയും ചേരാമംഗലം സ്കീമിന്റെയും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ജില്ലാകളക്ടർ വിളിച്ചിട്ടുണ്ട്.
ഇതനുസരിച്ചാണ് വെള്ളം തുറക്കുന്ന പുതിയ തീയതി പ്രഖ്യാപിക്കുക.